ബെംഗളൂരു മെട്രോ യെല്ലോ – ബ്ലൂ ലൈനുകളെ ബന്ധിപ്പിച്ച്‌ എലിവേറ്റഡ് നടപ്പാത; 250 ദൈര്‍ഘ്യം, 59 കോടി ചെലവ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ നമ്മ മെട്രോ വഹിക്കുന്ന പങ്ക് ചെറുതല്ല.നഗരത്തിലെ വിവിധ കോണുകളെ ബന്ധിപ്പിച്ച്‌ മെട്രോ ലൈൻ ബന്ധിപ്പിക്കുന്നത് തുടരുകയാണ്. ബെംഗളൂരു മെട്രോയുടെ പ്രധാന രണ്ട് മെട്രോ ഇടനാഴികളെ ബന്ധിപ്പിക്കുന്നതിനായി എലിവേറ്റഡ് കാല്‍നട സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ. ബെംഗളൂരുവിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മെട്രോ ശൃംഖലയിലെ കണക്റ്റിവിറ്റിയും യാത്രക്കാരുടെ സൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി.യെല്ലോ ലൈൻ സ്റ്റേഷനെയും ബ്ലൂ ലൈനെയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട എലിവേറ്റഡ് നടപ്പാത.

250 മീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട എലിവേറ്റഡ് നടപ്പാത ബൊമ്മസാന്ദ്രയ്ക്കും ആർവി റോഡിനും ഇടയിലുള്ള പ്രവർത്തനക്ഷമമായ യെല്ലോ ലൈൻ സ്റ്റേഷനെയും ഔട്ടർ റിങ് റോഡിലൂടെ വരാനിരിക്കുന്ന ബ്ലൂ ലൈൻ സ്റ്റേഷനെയും ബന്ധിപ്പിക്കും. നിർദിഷ്ട എലിവേറ്റഡ് കാല്‍നട നടപ്പാത സില്‍ക്ക് ബോർഡ് ജങ്ഷനിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കും.പദ്ധതിക്ക് ഏകദേശം 59 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സിവില്‍ നിർമാണം, ഘടനാപരമായ വികസനം ഉള്‍പ്പെടെ കരാറില്‍ ഉള്‍പ്പെടും. അനുമതി ലഭിച്ചുകഴിഞ്ഞാല്‍ നിർമാണം ആരംഭിച്ച്‌ ഒൻപത് മാസത്തിനുള്ളില്‍ നിർമാണം പൂർത്തിയാകുമെന്നാണ് വിലയിരുത്തല്‍. മെയ് അഞ്ചിന് മുൻപ് നിർദേശങ്ങള്‍ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലേലം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂർത്തിയായ ശേഷം കരാറുകാരനെ അന്തിമമാക്കും. നിലവില്‍ ടെൻഡർ മാത്രമേ നല്‍കിയിട്ടുള്ളൂ. വിശദമായ സാങ്കേതിക സവിശേഷതകള്‍ ഇതുവരെ പൂർണ്ണമായും അന്തിമമാക്കിയിട്ടില്ല.

നിർദിഷ്ട എലിവേറ്റഡ് നടപ്പാത മജസ്റ്റിക്, രാഷ്ട്രീയ വിദ്യാലയ റോഡ് മെട്രോ സ്റ്റേഷൻ, എംജി റോഡ് മെട്രോ സ്റ്റേഷൻ തുടങ്ങിയ പ്രധാന ഹബ്ബുകളില്‍ നിന്ന് വ്യത്യസ്തമായി സില്‍ക്ക് ബോർഡ് രണ്ട് ലൈനുകള്‍ക്കിടയില്‍ നേരിട്ട് ഇന്റർചേഞ്ച് വാഗ്ദാനം ചെയ്യാത്തതിനാല്‍ ഈ കണക്ഷൻ നിർണായകമാണ്.ഈ പദ്ധതിയുടെ ഒരു പ്രധാന സവിശേഷത ഒരു ട്രാവലേറ്റർ സംവിധാനം ഉള്‍പ്പെടുത്തും എന്നതാണ്. നമ്മ മെട്രോ ശൃംഖലയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സൗകര്യം അവതരിപ്പിക്കുന്നത്. വിമാനത്താവളങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ട്രാവലേറ്റർ സാവധാനത്തില്‍ നീങ്ങുന്ന കണ്‍വെയർ ശൈലിയിലുള്ള നടപ്പാതയാണ്. ഈ സംവിധാനം കാല്‍നടയാത്രക്കാർക്ക് കൂടുതല്‍ സുഖകരമായ സൗകര്യമൊരുക്കും. ബ്ലൂ ലൈൻ സ്റ്റേഷൻ 2026 ഡിസംബറോടെ പൂർത്തിയാകുമെന്നും 2027 ഓടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കണക്റ്റിവിറ്റി നല്‍കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍