ഒരു വയസുകാരിയുടെ തൊണ്ടയില്‍ കല്ലുകുടുങ്ങി, ചോരയൊലിപ്പിച്ച്‌ അബോധാവസ്ഥയില്‍; രക്ഷകനായി ബൈക്ക് യാത്രികന്‍

ബത്തേരി: കളിക്കുന്നതിന് ഇടയില്‍ തൊണ്ടയില്‍ കല്ലു കുടുങ്ങി ചോരയൊലിപ്പിച്ച്‌ അബോധാവസ്ഥയിലേക്കു നീങ്ങിയ കുഞ്ഞിന് രക്ഷകനായി ബൈക്ക് യാത്രക്കാരന്‍.

കുഞ്ഞിനെ കൈത്തണ്ടയില്‍ കമിഴ്ത്തി കിടത്തി പുറത്തു തട്ടി കല്ലു കളയാന്‍ പ്രനൂപിന് സാധിച്ചതോടെയാണ് അപകടം ഒഴിവായത്. അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമായിരുന്നു. കുഞ്ഞ് ഇപ്പോള്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടാമത്തെ കുഞ്ഞ് മുഹമ്മദ് അസ്മിനെ കുളിപ്പിക്കുന്നതിനായി ഷഹാമത്ത് മാറിയപ്പോള്‍ ഇളയവള്‍ ഒരു വയസ്സുകാരി ആയിഷ സെന്‍ഹയെ മൂത്തയാളായ ആറുവയസുകാരന്‍ മുഹമ്മദ് ഫര്‍സിനെയാണ് നോക്കാനേല്‍പിച്ചത്. ഇടക്കിടെ കരയുന്നുണ്ടായിരുന്ന ആയിഷ സെന്‍ഹയുടെ ശബ്ദത്തിന് വ്യത്യാസം വന്നപ്പോഴാണ് ഷഹാമത്ത് വന്നു നോക്കിയത്.

ജനാലയ്ക്കു മുകളില്‍ കയറി നില്‍ക്കുകയായിരുന്ന മൂത്ത കുട്ടിയെ നോക്കി അവിടേക്ക് പിടിച്ചു കയറാനുള്ള ശ്രമത്തിലായിരുന്നു ആയിഷ സെന്‍ഹ. കളിക്കുന്നതിനിടെ കല്ല് വായിലിട്ടിരുന്നു.

മേല്‍പോട്ടു നോക്കുന്നതിനിടെ ആയിഷയുടെ തൊണ്ടയില്‍ കല്ല് കുടുങ്ങുകയായിരുന്നു. ഷഹാമത്ത് ഉടന്‍ കുട്ടിയെ എടുത്ത് പുറത്തേക്കോടുകയും തൊണ്ടയില്‍ കയ്യിട്ട് കല്ലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.തോളില്‍ കിടത്തി തട്ടി നോക്കി എന്നാല്‍ കല്ലു പോയില്ല.

കുട്ടിയുടെ കരച്ചില്‍ ഈ സമയം നേര്‍ത്തു നേര്‍ത്തു വന്നു. അലറി വിളിച്ച്‌ റോഡിലേക്ക് ഓടിക്കയറിയ ഷഹാമത്ത് ആദ്യം വന്ന ഓട്ടോറിക്ഷ റോഡിന് നടുവില്‍ കയറി നിന്ന് തടഞ്ഞു ഓട്ടോ ഡ്രൈവര്‍ ഇറങ്ങി വരുമ്ബോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപും വണ്ടി നിര്‍ത്തി ഓടിയെത്തി.

പ്രനൂപ് കുട്ടിയെ ഉടന്‍ എടുത്ത് ശാസ്ത്രീയമായ രീതിയില്‍ കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി. അപ്പോള്‍ രക്തത്തോടൊപ്പംംകല്ലും പുറത്തേക്കു പോന്നു. കല്ല് കൂടുതല്‍ ഉള്ളിലേക്കിറങ്ങിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ കണ്ണുകള്‍ അപ്പോഴേക്കും പുറത്തേക്ക് അല്‍പം തള്ളി വന്നിരുന്നു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍